കൊരട്ടി: ദേശീയപാത കൊരട്ടി മേഖലയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സമഗ്ര ട്രാഫിക് പ്ലാൻ തയാറാക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ട്രാഫിക് കമ്മിറ്റി രൂപീകരിച്ച് അടിയന്തര യോഗം വിളിക്കണമെന്നും നാട്ടുകാർ. പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് അംഗങ്ങൾ, പോലീസ്, മോട്ടോർ വാഹന വകുപ്പ്, ദേശീയപാത അഥോറിറ്റി ഉദ്യോഗസ്ഥർ, നിർമാണക്കന്പനി പ്രതിനിധികൾ, ഉദ്യോഗസ്ഥർ, കെഎസ്ഇബി പ്രതിനിധികൾ, സ്വകാര്യ-കെഎസ്ആർടിസി ബസ് പ്രതിനിധികൾ, ഓട്ടോ - ടാക്സി തൊഴിലാളി പ്രതിനിധികൾ, വ്യാപാരി സംഘടനാ പ്രതിനിധികൾ എന്നിവരെ കമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യം.
ബസ് സ്റ്റോപ്പ് മാറ്റണം
സഹകരണ ബാങ്കിനു മുന്നിൽ ചാലക്കുടി ഭാഗത്തേക്കു പോകുന്ന യാത്രികർ ആശ്രയിക്കുന്ന ബസ് സ്റ്റോപ് ടൗണ് കപ്പേളയ്ക്കു സമീപത്തേക്കു മാറ്റുന്നത് കുരുക്കിനു പരിഹാരമാകും. ഒപ്പം ബസ് ബേയും കാത്തിരിപ്പ് കേന്ദ്രവും ക്രമീകരിക്കണം. ബസ് ഇറങ്ങിയശേഷമുള്ള കാൽനടയാത്രയും സുഗമമാകും.
1. കൊരട്ടി റെയിൽവേ മേൽപ്പാലമിറങ്ങി ഓട്ടോറിക്ഷ സ്റ്റാൻഡിനോടുചേർന്നുള്ള ഭാഗം ഉൾപ്പെടുത്തി ദേശീയപാതയിലേക്കുള്ള കവാടം വികസിപ്പിക്കുക. അങ്കമാലി, കോനൂർ ഭാഗങ്ങളിലേക്കുള്ള ഗതാഗതവും സുഗമമാകും.
2. മേൽപാലം ഇറങ്ങി ദേശീയപാതയുമായി ചേരുന്ന ഭാഗത്തെ ഉയര വ്യത്യാസം ക്രമീകരിക്കുക. ചാലക്കുടി ഭാഗത്തേക്കുള്ള കൈയേറ്റങ്ങൾ ഒഴിപ്പിക്കുക. ഇതു തൃശൂർ ഭാഗത്തേക്കുള്ള വാഹന ഗതാഗതം സുഗമമാക്കും.
3. നിർമാണ മേഖലയിൽ വാഹന ഗതാഗതത്തിനും കാൽനടയാത്രയ്ക്കും പ്രത്യേകം പാതകൾ ഒരുക്കുക.
4. തകർന്ന ഡ്രെയിനേജ് സ്ലാബുകൾ അടിയന്തരമായി മാറ്റി ഭാരവാഹനങ്ങൾ കയറാൻ ശേഷിയുള്ളവ സ്ഥാപിക്കുക.
5. സർവീസ് റോഡുകളിലെ കുഴികൾ അടയ്ക്കുക, മതിയായ ലൈറ്റുകൾ സ്ഥാപിക്കുക.
6. യു- ടേണുകളുടെ സ്ഥാനത്തിൽ പഠനം നടത്തി മാറ്റങ്ങൾ വരുത്തുക.
7. ഓട്ടോ - ടാക്സി സ്റ്റാൻഡുകൾ പുനഃക്രമീകരിക്കുക.
8. നിർമാണ വാഹനങ്ങളുടെ അനധികൃത പാർക്കിംഗ് നിയന്ത്രിക്കുക.
9. തടസമായ വൈദ്യുതി പോസ്റ്റുകൾ അടിയന്തരമായി മാറ്റിസ്ഥാപിക്കുക.
10. കൈയേറ്റങ്ങൾ, പുറന്പോക്ക് എന്നിവ പരിശോധിച്ചു വീണ്ടെടുക്കുക.
11. ദേശീയപാത അഥോറിറ്റിയും നിർമാണ കന്പനിയും പഞ്ചായത്ത്, പോലീസ്, ജനപ്രതിനിധികൾ എന്നിവരും സ്ഥിരമായി ഏകോപന യോഗങ്ങൾ നടത്തുക.